2013, ജൂൺ 4, ചൊവ്വാഴ്ച

കമ്പ്യൂട്ടറുകളുടെ ചരിത്രം



കമ്പ്യൂട്ടർ എന്ന ആശയത്തിനു പിന്നീട് ഒരു തുടർച്ച ലഭിക്കുന്നത് അമേരിക്കയിലായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ സ്റ്റേറ്റുകളുടെ പ്രാതിനിധ്യം മനസിലാക്കുവാനായി പത്തുവർഷത്തിലൊരിക്കൽ നടത്താറുള്ള സെൻസസ് പ്രക്രിയ 1870ൽ നടത്തിയത് വെറും ഒൻപത് മാസങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ജനസംഖ്യയിലുണ്ടായ കടുത്ത വർദ്ധനവു മൂലം 1880 ൽ നടത്തിയ സെൻസസ് തീർക്കുവാനായി ഏകദേശം ഏഴര വർഷങ്ങൾ വേണ്ടി വന്നു.വർദ്ധിച്ച മാനുഷിക അദ്ധ്വാനത്തിന്റെ ആവശ്യകത മുൻ കൂട്ടി മനസിലാക്കിയ അമേരിക്കൻ സെൻസസ് ബ്യൂറോ  1890 ലെ സെൻസസ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഒരു ബദൽ സംവിധാനത്തെക്കുറിച്ച് ആലോചനയിലായി. സെൻസസ് ബ്യൂറോയെ സഹായിക്കുവാനായി തക്ക സംവിധാനങ്ങൾ കണ്ടുപിടിക്കുന്നവർക്കായി ഒരു പാരിതോഷികവും ഏർപ്പാടു ചെയ്തു. ഹെർമൻ ഹോളറിത്ത് എന്ന ജർമ്മൻ-അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ ആയിരുന്നു ഈ മത്സരത്തിലെ വിജയി. ജാക്വാർഡിന്റെ തറികളിൽ ഉപയോഗിച്ചിരുന്ന പഞ്ച് കാർഡ് സിസ്റ്റത്തെ കമ്പ്യൂട്ടേഷൻ ജോലികൾ ചെയ്യുവാൻ തക്കവിധം  പരിഷ്കരിച്ചെടുത്തതായിരുന്നു ഹെർമൻ ഹോളറിത്ത് വികസിപ്പിച്ചെടുത്ത ഹോളറിത്ത് ഡെസ്ക് എന്ന ഉപകരണം.
പഞ്ച് കാർഡുകളിലെ സുഷിരങ്ങൾ തിരിച്ചറിയുവാൻ കഴിയുന്ന ഒരു കാർഡ് റീഡറും ഒരു ഗിയർ നിയന്ത്രിത കൌണ്ടിങ്ങ് മെക്കാനിസവും, ഫലം പ്രദർശിപ്പിക്കുന്നതിനായി  ഒരു മരപ്പലകയിൽ ഉറപ്പിച്ച ഒരു കൂട്ടം ഡയലുകളും ചേർന്നതായിരുന്നു ഹോളറിത്ത് ഡെസ്കിന്റെ രൂപകൽപ്പന.

ജാക്വാർഡിന്റെ പഞ്ച് കാർഡുകളിലെ ഒരു ന്യൂനത അതിലെ സുഷിരങ്ങൾ കാർഡ് നിർമ്മിക്കുമ്പോൾ തന്നെ ഇടുന്നവയാണ് എന്നതാണ്. നമുക്കതിനെ ഇന്നത്തെ ടെർമിനോളജിയിൽ ‘റീഡ് ഒൺലി‘ (Read Only) എന്ന് വിളിക്കാം.നിർമ്മാണ സമയത്തു തന്നെ സുഷിരങ്ങൾ ഇട്ട് വരുന്നതിനാൽ ഇത്തരം പഞ്ച് കാർഡുകളിലെ പാറ്റേണുകൾ ഒരു നിശ്ചിത സന്ദർഭത്തിനനുസരിച്ച് മാറ്റുക സാധ്യമല്ല എന്നർഥം. എന്നാൽ ഹോളറിത്തിലെ പ്രതിഭ ഈ കാർഡുകളെ എങ്ങനെ ‘റീഡ്/റൈറ്റ് (Read/Write)’ ആക്കി മാറ്റാം എന്ന ആലോചനയിൽ ആയിരുന്നു. (അതായത് കാർഡുകൾ നിർമ്മിക്കുമ്പോൾ തന്നെ സുഷിരങ്ങൾ നൽകുന്നതിനു പകരം ഓരോ സന്ദർഭത്തിനനുസരിച്ച് ഓരോ രീതിയിലുള്ള പാറ്റേണിൽ സുഷിരങ്ങൾ ഇടുവാൻ തക്ക രീതിയിലാക്കുക).

ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ അന്നു നിലവിലുണ്ടായിരുന്ന ടിക്കറ്റിങ്ങ് സമ്പ്രദായം ഹോളറിത്ത് നിരീക്ഷിക്കുകയുണ്ടായി. ടിക്കറ്റിങ്ങ് ഇൻസ്പെക്ടർ അയാളുടെ കൈവശമുള്ള പഞ്ചിങ്ങ് മെഷീനിൽ ടിക്കറ്റെടുക്കുന്ന ആളിന്റെ ഉയരം, വണ്ണം, നിറം, കണ്ണിന്റെ നിറം എന്നിവ നിരീക്ഷിച്ചശേഷം അതിനനുസരിച്ച് ടിക്കറ്റിൽ ചില നിശ്ചിത സ്ഥലങ്ങളിൽ സുഷിരങ്ങൾ ഇടുകയായിരുന്നു പതിവ്. ഒരാൾക്ക് നൽകിയ ടിക്കറ്റ് മറ്റൊരാൾ കൈവശപ്പെടുത്തിയാലും അതു തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഈ രീതിയുടെ സാധ്യതകൾ മനസിലാക്കിയ ഹോളറിത്ത് തന്റെ യന്ത്രത്തിൽ ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് ചിന്തിച്ചു. ഓരോ തവണ പഞ്ച് കാർഡുകൾ റീഡ് ചെയ്തു ലഭിക്കുന്ന വിവരങ്ങളും അവയിൽ നടത്തുന്ന ഗണിതക്രിയകൾ വഴി ലഭിക്കുന്ന ഉത്തരങ്ങൾക്കും അനുസൃതമായി പുതിയ കാർഡുകൾ പഞ്ച് ചെയ്യുവാനുള്ള ഒരു സാങ്കേതിക വിദ്യ ഇതിലൂടെ ഹോളറിത്ത് വിഭാവനം ചെയ്തു. അതായത് ഒരു കാർഡ് നിർമ്മിക്കുമ്പോൾ തന്നെ അതിൽ സുഷിരങ്ങൾ പഞ്ച് ചെയ്യുന്നതിനു പകരമായി, ഓരോ സന്ദർഭത്തിനും അതുവരെയുള്ള ഗണിത ക്രിയകളുടെ ഉത്തരങ്ങൾക്കുമനുസരിച്ച് ആവശ്യമായ പാറ്റേണിൽ കാർഡുകൾ പഞ്ച് ചെയ്യുക എന്നതായിരുന്നു ഈ വിദ്യയുടെ കാതൽ. എന്നാൽ ഇതേ സാങ്കേതിക വിദ്യ തന്നെ ചാൾസ് ബാബേജ് തന്റെ അനലറ്റിക്കൽ എഞ്ചിനുവേണ്ടി വളരെ മുൻപുതന്നെ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഹോളറിത്ത് ബോധവാനായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത.

ഹോളറിത്ത് ഡെസ്ക് എന്ന ഉപകരണം വൻ വിജയമായി മാറുകയും 1890 ൽ ഈ ഉപകരണത്തിന്റെ സഹായത്തോടെ മൂന്ന് വർഷങ്ങൾ കൊണ്ട് സെൻസസ് തീർക്കുവാനും അതുവഴി അഞ്ച് മില്യണോളം ഡോളർ ലാഭിക്കുവാനും അമേരിക്കൻ സെൻസസ് ബ്യൂറോക്ക് കഴിഞ്ഞു.

ഹോളറിത്ത് പിന്നീട് ടാബിലേറ്റിങ്ങ് മെഷീൻ കമ്പനി എന്ന ഒരു വ്യവസായശാല  രൂപീകരിച്ച് ഹോളറിത്ത് ഡെസ്കുകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ ആരംഭിച്ചു. ഹെർമൻ ഹോളറിത്ത് ആരംഭിച്ച ഈ വ്യവസായ സംരഭമാണ് ഒട്ടേറേ കൈമാറ്റങ്ങൾക്ക് ശേഷം പിന്നീട് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് അധവാ ഐ.ബി.എം (IBM) എന്ന, കമ്പ്യൂട്ടർ രംഗത്തെ അതികായനായി വളർന്നത്.

ഐ.ബി.എം എന്നത് കമ്പ്യൂട്ടർ രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു നാമമായി മാറി. ഐ.ബി.എമ്മിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ പഞ്ച് കാർഡുകൾ അമേരിക്കൻ  ജീവിതത്തിന്റെ നാനാ മേഖലകളിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു.  ഉദാഹരണത്തിന് ഇലക്ടിസിറ്റി,ഗ്യാസ്,വെള്ളം എന്നിവയുടെ ബില്ലുകൾ പഞ്ച് കാർഡുകൾ മുഖാന്തിരം ഓട്ടോമേറ്റ് ചെയ്യപ്പെട്ടു. ഹൈവേ ടോൾ ഗേറ്റുകളിൽ  കരം പിരിക്കുന്നതിനായി പഞ്ച് കാർഡ് സംവിധാനങ്ങൾ  അവതരിപ്പിച്ചു. ഇലക്ഷൻ ബാലറ്റ് പേപ്പറുകൾ പഞ്ച് കാർഡിനു വഴിമാറി, അമേരിക്കൻ ഫെഡറൽ ഏജൻസി വഴി നൽകിയിരുന്ന സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകളിലും പഞ്ച് കാർഡ് സംവിധാനങ്ങൾ അവതരിപ്പിക്കപ്പെട്ടു.

1847 ൽ ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ ജോർജ് ബൂൾ (George Bool) , ബൂളിയൻ ആൾജിബ്ര എന്ന ഗണിത ശാസ്ത്രത്തിലെ ഒരു പുതിയ ശാഖയ്ക്ക് രൂപം നൽകിയിരുന്നു. വിപ്ലവകരമായ ഒരു കണ്ടുപിടുത്തമായിരുന്നിട്ടു കൂടി ബൂളിയൻ ആൾജിബ്രയ്ക്ക് ആ കാലഘട്ടത്തിൽ വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ കിട്ടിയിരുന്നില്ല. പിന്നീട് നൂറു വർഷങ്ങൾക്കിപ്പുറം 1938 ൽ ക്ലോഡ് ഷാനോൺ (Claude Shannon) എന്ന എൻഞ്ചിനിയർ ബൂളിയൻ ആൾജിബ്രയുടെ പ്രാധാന്യം മനസിലാക്കുകയും രണ്ട് സ്റ്റേറ്റുകൾ (two-state) മാത്രമുള്ള ഇലക്ട്രിക്ക് സർക്യൂട്ടുകളിൽ ഇതിനെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു.

Filled Under:

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ