2013, ജൂൺ 4, ചൊവ്വാഴ്ച

ഫെയ്‌സ്ബുക്ക് നോക്കി ഉന്മേഷമുണ്ടാക്കാം - പഠനം



മനസിനെ എന്തെങ്കിലും അലട്ടുന്നുണ്ടോ, ആകെ മടുപ്പ് തോന്നുന്നുണ്ടോ, ഉന്മേഷക്കുറവ് അനുഭവപ്പെടുന്നോ.....വിഷമിച്ചിരിക്കാതെ ഫെയ്‌സ്ബുക്ക് തുറന്ന് സ്വന്തം പ്രൊഫൈല്‍ പേജിലൊന്ന് കണ്ണോടിക്കൂ; മടുപ്പൊക്കെ മാറും, ആത്മാഭിമാനം വര്‍ധിക്കും.

ഇത് വെറുതെ പറയുന്നതല്ല. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടുത്തി അമേരിക്കയില്‍ നടന്ന മനശ്ശാസ്ത്ര പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെറും അഞ്ച് മിനിറ്റുനേരം സ്വന്തം ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജ് നോക്കുമ്പോള്‍ തന്നെ ഒരാളുടെ ആത്മാഭിമാനം വര്‍ധിക്കുന്നുമെന്നാണ് പഠനഫലം പറയുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിന്‍-മാഡിസണിലെ കാറ്റലിന ടോമയാണ് ഫെയ്‌സ്ബുക്കിന്റെ സ്വാധീനം മനസിലാക്കാനുള്ള പഠനം നടത്തിയത്. 'ഇംപ്ലിസിറ്റ് അസോസിയേഷന്‍ ടെസ്റ്റ്' ( Implicit Association Test ) എന്ന സോഷ്യല്‍ സൈക്കോളജി ഗവേഷണ സങ്കേതം ഉപയോഗിച്ചായിരുന്നു പഠനം. 

ഫെയ്‌സ്ബുക്കിന്റെ സ്വാധീനമളക്കാന്‍ ഇത്തരമൊരു ടെസ്റ്റ് പ്രയോഗിക്കുന്നത് ആദ്യമായിട്ടാണ്. സ്വന്തം ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ അഞ്ച് മിനിറ്റ് നോക്കിയവരുടെ ആത്മാഭിമാനം കാര്യമായി മെച്ചപ്പെട്ടതായി ടെസ്റ്റില്‍ കണ്ടു- 'മീഡിയ സൈക്കോളജി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

'എന്നോട്', 'എന്റെ', 'ഞാന്‍', 'എന്നെ' എന്നിങ്ങനെയുള്ള വാക്കുകളെ, നിഷേധാത്മകമല്ലാത്തതും (പോസിറ്റീവ്) നിഷേധാത്മകവും (നെഗറ്റീവ്) ആയ നാമവിശേഷണങ്ങളുമായി ഓരോരുത്തരും എത്ര വേഗം കൂട്ടിയിണക്കുന്നു എന്ന് പരിശോധിക്കുകയാണ് ഈ ടെസ്റ്റില്‍ ചെയ്യുക. 

'ആത്മാഭിമാനം മെച്ചപ്പെടുന്ന സമയത്താണ് ടെസ്റ്റ് നടത്തുന്നതെങ്കില്‍ നിഷേധാത്മകമല്ലാത്ത നാമവിശേഷണങ്ങളോടാകും നിങ്ങള്‍ക്ക് കൂടുതല്‍ പ്രിയം. വിഷമംപിടിച്ച സമയമാണെങ്കില്‍ തിരിച്ചും' - ടോമ അറിയിക്കുന്നു. 

ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നോക്കി ഉന്മേഷമുണ്ടാക്കിയവര്‍ പക്ഷേ അതിനൊരു വില നല്‍കേണ്ടി വരുന്നതായും പഠനത്തില്‍ കണ്ടു. ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ടാകുമെന്ന് പറയുന്നത് പോലെയാണിത്. 

പ്രൊഫൈല്‍ നോക്കി ആത്മാഭിമാനം വര്‍ധിച്ചവര്‍ക്ക്, തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനുള്ള പ്രചോദനം നഷ്ടമാകുന്നു എന്നാണ് ഗവേഷകര്‍ കണ്ടത്. 

അത് പ്രതീക്ഷിക്കാവുന്ന സംഗതി തന്നെയെന്ന് ടോമ പറയുന്നു. തുടര്‍ ടെസ്റ്റില്‍ പ്രകടനം മികച്ചതാക്കിയാല്‍ ആത്മാഭിമാനം വര്‍ധിക്കും. 'ഇവിടെ പ്രൊഫൈല്‍ നോക്കുക വഴി ആത്മാഭിമാനം വര്‍ധിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ അത് വീണ്ടും വര്‍ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.'
എന്നാല്‍ ഈ പഠനഫലത്തെ അത്രയ്ക്കങ്ങ് മുഖവിലയ്‌ക്കെടുക്കരുതെന്ന് ടോമ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. കാരണം, ഫെയ്‌സ്ബുക്കിന്റെ അനേകം സ്വാധീനങ്ങളില്‍ ഒന്ന് മാത്രമാണ് ഈ പഠനം പരിശോധിച്ചത്

കടപ്പാട് : മാതൃഭൂമി ടെക്

Filled Under:

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ