2013, ജൂൺ 4, ചൊവ്വാഴ്ച

ലാപ്‌ടോപ്പിന്റെ 'ഉപജ്ഞാതാവ്' ബില്‍ മോഗ്രിഡ്ജ് അന്തരിച്ചു



ആദ്യ ലാപ്‌ടോപ്പ് രൂപകല്‍പ്പന ചെയ്ത പ്രമുഖ ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ബില്‍ മോഗ്രിഡ്ജ് (69) അന്തരിച്ചു. 1979 ല്‍ മോഗ്രിഡ്ജ് രൂപകല്‍പ്പന ചെയ്ത 'ഗ്രിഡ് കോംപസ്സ്' (GRiD Compass) ആണ് ലാപ്‌ടോപ്പ് യുഗത്തിന് തുടക്കം കുറിച്ചത്. 

അര്‍ബുദബാധിതനായിരുന്ന മോഗ്രിഡ്ജ്, സപ്തംബര്‍ എട്ടിന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പരിചരണകേന്ദ്രത്തില്‍ വെച്ചാണ് വിടവാങ്ങിയതെന്ന് മകന്‍ അലക്‌സ് മോഗ്രിഡ്ജ് അറിയിച്ചു. 

കീബോര്‍ഡിന് മേല്‍ സ്‌ക്രീന്‍ മടക്കിവെയ്ക്കാവുന്ന വിധത്തിലുള്ള ലാപ്‌ടോപ്പുകളുടെ 'ക്ലാംഷെല്‍' ഡിസൈന്‍ ആവിഷ്‌ക്കരിക്കുകയാണ് മോഗ്രിഡ്ജ് ചെയ്തത്. ആ ഡിസൈന്‍ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ ലാപ്‌ടോപ്പ് ആണ് ഗ്രിഡ് കോംപസ.

സിലിക്കണ്‍ വാലിയിലെ ഗ്രിഡ് സിസ്റ്റംസ് കോര്‍പ്പറേഷനുവേണ്ടി രൂപകല്‍പ്പന ചെയ്ത ഗ്രിഡ് കോംപസ് ആദ്യം ഉപയോഗിച്ചത് അമേരിക്കന്‍ സൈന്യമാണ്. ഡിസ്‌കവറി ബഹിരാകാശ പേടകത്തിലും അത് ഘടിപ്പിച്ചു. 

ഗ്രിഡ് കോംപസ് കമ്പ്യൂട്ടറുകള്‍ 1982 ല്‍ ആദ്യമായി വിപണിയിലെത്തി. 8150 ഡോളര്‍ (ഏതാണ്ട് നാലരലക്ഷം രൂപ) ആയിരുന്നു വില. ആപ്പിളിന്റെ ഐതിഹാസിക ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറായ 'മകിന്റോഷ്' പുറത്തുവന്നതിനും രണ്ടുവര്‍ഷം മുമ്പായിരുന്നു അത്. 

ആറിഞ്ച് വലിപ്പത്തില്‍, കറുപ്പില്‍ മഞ്ഞ നിറത്തിലുള്ള ഡിസ്‌പ്ലെയും, കീബോര്‍ഡും ഉള്ളതായിരുന്നു ഗ്രിഡ് കോംപസ്. ബ്രീഫ്‌കേസില്‍ ഒറ്റ യൂണിറ്റായി മടക്കിവെയ്ക്കാന്‍ പറ്റുന്നതായിരുന്നു ആ കമ്പ്യൂട്ടര്‍. 

ലാപ്‌ടോപ്പുകള്‍ ഇന്നും പിന്തുടരുന്നത് മോഗ്രിഡ്ജ് ആവിഷ്‌ക്കരിച്ച 'ക്ലാംഷെല്‍' ഡിസൈന്‍ തന്നെയാണ്. 2008 ല്‍ ആദ്യമായി വില്‍പ്പനയില്‍ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളെ ലാപ്‌ടോപ്പുകള്‍ പിന്തള്ളി.

Filled Under:

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ