2013, ജൂൺ 4, ചൊവ്വാഴ്ച

ആന്‍ഡ്രോയിഡിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍



ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ ചുമതല ഇനി ഇന്ത്യന്‍ എന്‍ജിനിയറായ സുന്ദര്‍ പിച്ചയ് വഹിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ചുമതല ആന്‍ഡി റൂബിന്‍ ഒഴിയുകയാണ്. ആ പദവിയിലേക്കാണ് ഇതുവരെ 'ക്രോം ആന്‍ഡ് ആപ്‌സ്' പദ്ധതികളുടെ മേല്‍നോട്ടം വഹിച്ചിരുന്ന സുന്ദര്‍ പിച്ചയിനെ ഗൂഗിള്‍ നിയമിച്ചിരിക്കുന്നത്.

നിലവിലുള്ള ചുമതലയ്ക്ക് പുറമേ, ആന്‍ഡ്രോയിഡിന്റെ നേതൃത്വം കൂടി സുന്ദര്‍ പിച്ചായ് വഹിക്കുമെന്ന്, ഗൂഗിള്‍ സി.ഇ.ഒ. ലാറി പേജ് അറിയിച്ചു. തമിഴ്‌നാട്ടില്‍ ജനിച്ച സുന്ദര്‍ പിച്ചയ്, ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് ബിരുദം നേടിയത്. 

എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന, അതേസമയം സാങ്കേതികമായി ഉജ്ജ്വലമായ ഉത്പന്നങ്ങള്‍ക്ക് രൂപംകൊടുക്കുന്നതില്‍ സുന്ദര്‍ പിച്ചയ്യിനുള്ള വൈഭവം ലാറി പേജ് എടുത്തു പറഞ്ഞു. ക്രോം തന്നെ അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. '2008 ല്‍ ആളുകള്‍ ചോദിച്ചു, ഇനി വേറൊരു ബ്രൗസര്‍ വേണോ എന്ന്'. 

ഇന്ന് ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറുകളിലൊന്നാണത്. 'വേഗം, ലാളിത്യം, സുരക്ഷ - ഈ മൂന്ന് കാരണങ്ങളാണ് ലക്ഷക്കണക്കിന് യൂസര്‍മാരെ ക്രോമിലേക്ക് ആകര്‍ഷിച്ചത്' -ലാറി പേജ് ചൂണ്ടിക്കാട്ടി. 

75 കോടി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ നിലവിലുണ്ടെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായി ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ആന്‍ഡ്രോയിഡിനെ മാറ്റിയ ആന്‍ഡി റൂബിന്റെ സ്ഥാനത്തേക്ക് എത്തുമ്പോള്‍, 40-കാരനായ സുന്ദര്‍ പിച്ചയ്യിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.

2004 ലാണ് സുന്ദര്‍ പിച്ചയ് ഗൂഗിളില്‍ ചേര്‍ന്നത്. ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ക്രോം ഒഎസ് എന്നിവ മാത്രമല്ല, ഗൂഗിള്‍ ഡ്രൈവിന് പിന്നിലും സുന്ദര്‍ പിച്ചയ്യുടെ നേതൃത്വമാണ് ഉണ്ടായിരുന്നത്. ജിമെയില്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങി വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും അദ്ദേഹം മേല്‍നോട്ടം വഹിച്ചു. 

മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ് പഠിച്ച സുന്ദര്‍ പിച്ചയ്, 1993 ല്‍ ഖരഗ്പൂര്‍ ഐ.ഐ.ടി.യില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീട് സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ എന്‍ജിനിയറിങില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. ഒപ്പം വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദം നേടി. 

നിലവില്‍ ആന്‍ഡ്രോയിഡുമായി നേര്‍ക്കുനേര്‍ മത്സരിക്കുന്നത് ആപ്പിള്‍ ഐഫോണ്‍ മാത്രമാണ്. അതിവേഗം വളരുന്ന മൊബൈല്‍ രംഗത്തേക്ക് മൈക്രോസോഫ്റ്റും ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. കൂടാതെ, ഉബുണ്ടു, ഫയര്‍ഫോക്‌സ് തുടങ്ങിയവയും ആന്‍ഡ്രോയിഡിന് വെല്ലുവിളി ഉയര്‍ത്താന്‍ താമസിയാതെ രംഗത്തെത്തും. മത്സരത്തിന്റെ ഈ പുതിയ ലോകത്ത് ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തെ മുന്‍നിരയില്‍ നിര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുന്ദര്‍ പിച്ചയ്യിനെ കാത്തിരിക്കുന്നത്.

Filled Under:

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ